Friday, November 18, 2011

പുഷ്പചക്രം


പുഷ്പചക്രം



ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം, കുട്ടികള്‍ക്ക് വാക്ക് കൊടുത്തതാണ്. വെക്കേഷന്‍ കഴിയാറായി. ഭാര്യയും പരിഭവം പറയാന്‍ തുടങ്ങി, എന്നാണ് ഞങ്ങളെയൊന്നു പുറത്തു കൊണ്ടുപോകുന്നത്. ശരിയാണ്, ഈ പ്രാവശ്യം എവിടെയും പോയിട്ടില്ല. ഒന്ന് ടൗണില്‍ കറങ്ങുക, രാത്രിയിലെ ഭക്ഷണം, അത്രയും മതി. എല്ലാ  പരിഭവവും മാറും. ഫയലുകള്‍ ഒന്ന് ഒതുക്കി വെച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഇറങ്ങാം. മേശപ്പുറത്തിരിക്കുന്ന സെല്‍ഫോണ്‍ ശബ്ദിക്കുന്നു. ജില്ലാ പ്രസിഡന്റ്‌ അനില്‍ ഭായിയാണ്.
    'ഹലോ...ആ രാധാകൃഷ്ണന്‍, നമ്മുടെ മുന്‍കാല ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന രാമേട്ടന്‍ മരിച്ചു. ആറുമണിക്കാണ് സംസ്കാരം.മറ്റുള്ളവരെ ഞാന്‍ വിളിച്ചറിയിച്ചിട്ടുണ്ട്. നീ രണ്ടു റീത്തുമായി കോളേജ് ജങ്ങ്ഷനില്‍ വന്നു നില്‍ക്കണം. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി നീയാണ് റീത്ത് വെക്കേണ്ടത്...കൃത്യസമയത്ത് എത്തണം.'
    ഒരു ശ്വാസത്തിനു എല്ലാം പറഞ്ഞു അനില്‍ ഭായ് ഫോണ്‍ കട്ട് ചെയ്തു. കുട്ടികളുടെ മുഖമാണ് മനസ്സിലാദ്യം കടന്നു വന്നത്. എന്താണ് അവരോടു പറയുക ? പക്ഷെ, സംഘടനയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാര്യങ്ങളില്‍ നിന്ന് കഴിയുന്നുമില്ല. ദു:ഖത്ത്തോട് കൂടി ആദ്യത്തെ തീരുമാനമെടുത്തു, വീട്ടിലേക്കു ഫോണ്‍ ചെയ്യാം. കാര്യങ്ങള്‍ കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവള്‍ പറഞ്ഞു തുടങ്ങി : 'എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെയൊക്കെയേ അവസാനിക്കുകയുള്ളൂന്നു.' എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു. കാലത്തിറങ്ങുമ്പോള്‍ രാത്രിയിലെ ഭക്ഷണം പുറത്തുനിന്നാണെന്നു പറഞ്ഞതാണ്. ഇനി എല്ലാം ഉണ്ടാക്കേണ്ടി വരും. പാവം. സംഘടനയോടുള്ള എന്റെ അമിതമായ ആവേശം പലപ്പോഴും കുടുംബത്തില്‍ ചില വഴക്കുകള്‍ക്കു കാരണമാകാറുണ്ട്. ഫ്ലവര്‍ സ്റ്റാളില്‍ രണ്ടു രീത്തുകള്‍ക്ക് ഓര്‍ഡര്‍ കൊടുക്കണം. ഒന്ന് സംസ്ഥാന കമ്മിറ്റിക്ക്, മറ്റൊന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി. പ്രത്യേകം എഴുതിചേര്‍ക്കണം. സ്റ്റാളില്‍ പുഷ്പക്കാരന്‍ ഒരു ഇളം ചിരിയോടു കൂടി എന്നെ വരവേറ്റു. പ്രതീക്ഷയോടുകൂടിയുള്ള അവന്റെ നോട്ടവും ചിരിയും സത്യത്തില്‍ എന്നിലും ചിരിയുണര്‍ത്തി.
'എന്താ സാറേ വന്നത് ?'
വിനയത്തോടുകൂടിയുള്ള ആ ചോദ്യം അവസാനിക്കുന്നതിനുമുമ്പായി ഞാന്‍ പറഞ്ഞു :
'രണ്ടു റീത്ത് വേണം. അതും പെട്ടന്ന് വേണം.'
പുഷ്പന്റെ കൈകള്‍ ചലിച്ചു തുടങ്ങി.
'ഇതാ ഇപ്പം തരാം സര്‍. ആ....ആരാ സാറേ മരിച്ചത് ?'
അവന്‍ ചോദ്യങ്ങള്‍ തുടങ്ങി. എന്റെ മറുപടി പൂര്‍ണ്ണമായി ശ്രദ്ധിക്കാതെതന്നെ അവന്‍ പറഞ്ഞു:
'ഇന്ന് വളരെ മോശമായിരുന്നു കച്ചവടം. ഞാന്‍ കട അടക്കാന്‍ പോവുകയായിരുന്നു.'
പുഷ്പന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് തോന്നി, അവന്‍ പ്രതീക്ഷിച്ച മരണങ്ങള്‍ ഇന്ന് നടന്നിട്ടില്ല. പുഷ്പന്റെ കൈകളുടെ വേഗതക്കനുസരിച്ചു റീത്തുകള്‍ രൂപം കൊണ്ടു വരുകയാണ്. റീത്തിനു മുകളില്‍ എഴുതാനുള്ളത് ഞാന്‍ വൃത്തിയായി എഴുതിക്കൊടുത്തു. അയാള്‍ അത് റീത്തില്‍ തുന്നിക്കെട്ടി. ന്യൂസ് പേപ്പേര്‍ കൊണ്ടു പൊതിഞ്ഞു എനിക്ക് തന്നു. ബില്ലില്‍ രാമന്‍ റീത്ത് വക 800  എന്ന് എഴുതാന്‍ പറഞ്ഞു. അടുത്ത കമ്മിറ്റിയില്‍ ബോധ്യപ്പെടുത്താനുള്ളതാണ്. പണം കൊടുത്തു പുഷ്പനോട് യാത്ര പറഞ്ഞു ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജ് ജന്ഗ്ഷനിലേക്ക് യാത്ര തിരിച്ചു. ഓട്ടോറിക്ഷയില്‍ മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധം നിറഞ്ഞു. സമയം അഞ്ചു കഴിയാറായി. ഇപ്പോള്‍ പുറപ്പെട്ടാലേ സമയത്തിന് മരണവീട്ടില്‍ എത്താന്‍ കഴിയുകയുള്ളൂ. ഫോണ്‍ ശബ്ദിച്ചു. അനില്‍ ഭായിയാണ്.
     'ഹലോ അനില്‍ ഭായി, ഞാന്‍ ജങ്ങ്ഷനില്‍ ഉണ്ട്. നിങ്ങള്‍ എവിടെയെത്തി ?'
     'ഹലോ രാധാകൃഷ്ണന്‍, നമ്മുടെ പരിപാടിയില്‍ ചില മാറ്റങ്ങളുണ്ട്.'
ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു :
     'എന്തുപറ്റി ?'
     'അതേ....നമ്മുടെ രാമേട്ടന്റെ ഒരു മകന്‍ വിദേശത്താനല്ലോ.'
     'അതെ' , ഞാന്‍ മറുപടി പറഞ്ഞു.
പ്രസിഡണ്ട്‌ തുടര്‍ന്ന് :  'അദ്ധേഹത്തിന്റെ മകന്‍ അവിടെ നിന്ന് പുറപ്പെട്ടിരിക്കുന്നു. അതിനാല്‍ സംസ്കാരം നാളെ രാവിലെ ആറുമണിയിലേക്ക് മാറ്റി.'
     'ഹലോ അനില്‍ ഭായി, ഞാന്‍ റീത്ത് വാങ്ങിച്ചു. അതെന്റെ കയ്യിലുണ്ട്. അതെന്തു ചെയ്യും ?'
     'രാധാകൃഷ്ണന്‍, അത് കടയില്‍ തന്നെ വെക്കാന്‍ പറ്റില്ലേ ? ഞാന്‍ രാവിലെ നിങ്ങളുടെ വീട്ടില്‍ എത്തും.'
എന്റെ മറുപടി കേള്‍ക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ പുഷ്പന്റെ കടയിലേക്ക് പുറപ്പെട്ടു. ഞാന്‍ എത്തുമ്പോഴേക്കും പുഷ്പന്റെ കട അടച്ചിരുന്നു. ഈശ്വരാ ! ഇനി എന്ത് ചെയ്യും ? തൊട്ടടുത്ത കടകളിലൊക്കെ ചോദിച്ചു.
    'ഈ റീത്തുകള്‍ ഇന്ന് രാത്രി ഇവിടെ സൂക്ഷിക്കാമോ ? രാവിലെ എടുത്തോളാം.'
പലരും പല മറുപടികള്‍ പറഞ്ഞു ഒഴിഞ്ഞുമാറി. ഇത് പുലിവാലായല്ലോ. റീത്ത്‌കളുമായി വീട്ടിലേക്കു ചെന്നാല്‍ എന്തായിരിക്കും അവസ്ഥ ! പല പരിചയമുഖങ്ങളും ചോദ്യമുഖവുമായി എന്നെ നോക്കുന്നുണ്ട്. ആരെയും ശ്രദ്ധിക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു. സഹധര്‍മ്മിണി സുലുവിനോട് എന്താണ് പറയുക ! കുട്ടികള്‍ പേടിക്കില്ലേ ? ഇത് കളഞ്ഞു നാളെ വേറെ വാങ്ങാമെന്നു വച്ചാല്‍ അത്രയും നേരത്തെ കട തുറക്കില്ല. പോകുന്ന വഴികളിലെല്ലാം മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധം പരക്കുന്നുണ്ട്. അത് വല്ലാത്തൊരു ഭീതി എന്നിലുണ്ടാക്കുന്നതായി തോന്നി. കതകുതുറന്നതും സുലു പറഞ്ഞു : 'എന്തെ ഇത്ര പെട്ടന്ന് പോയി വന്നോ ? എന്താ കയ്യില്‍ ?'
    അല്പനേരത്തെ എന്റെ നിശബ്ദതക്കു ശേഷം ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു :
'ഇത് പുഷ്പചക്രം.'
    ഞാന്‍ അവള്‍ക്കു വ്യക്തമായി കാണുന്ന തരത്തില്‍ റീത്തുകള്‍ ഉയര്‍ത്തിപ്പിടിച്ചു.
    അപ്പോഴേക്കും മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധം ഉമ്മറത്തു പരന്നിരുന്നു. സുലുവിന്റെ മുഖത്ത് ഭയത്തിന്റെ, ദേഷ്യത്തിന്റെ ഇട കലര്‍ന്ന ഭാവം ഞാന്‍ കണ്ടു.
    'ഇത് റീത്ത് അല്ലേ', ഭയത്തോടുകൂടി അവള്‍ എന്നോട് ചോദിച്ചു.
'അതെ', ഞാന്‍ ശാന്തസ്വരത്ത്തില്‍ ഉണ്ടായ കാര്യങ്ങള്‍ വ്യക്തമാക്കി. പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവള്‍ ആദ്യത്തെ അസ്ത്രം തൊടുത്തു:
'ഏയ്‌ മനുഷ്യാ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ? വീട്ടില്‍ കൊണ്ട് വെക്കാന്‍ പറ്റിയ ഒരു സാധനം!'
അവള്‍ പിറുപിറുത്തു.
'ഇതും വെച്ചുകൊണ്ട് ഞാന്‍ എങ്ങനെയാണ് ഈശ്വരാ നേരം വെളുപ്പിക്കുക?
അവളുടെ ഉറക്കെയുള്ള സംസാരത്തിനു ഇടര്‍ച്ച അനുഭവപ്പെട്ടതായി എനിക്ക് തോന്നി. ഞാന്‍ പറഞ്ഞു : ഇത് ബോംബോ വെടിമാരുന്നോ ഒന്നും അല്ല. പുഷ്പം  കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു വസ്തു മാത്രമാണ്.'
'ശരിയായിരിക്കാം.ഇതിന്റെ ഉപയോഗം എന്താണെന്ന് കൂടി പറയൂ', സുലു ചോദിച്ചു .
ഞാന്‍ പറഞ്ഞു : 
'മരണപ്പെട്ട ആലോടുള്ള ആദരവിന്റെ അവസാനത്തെ അടയാളം എന്ന് വേണമെങ്കില്‍ പറയാം.'
അത് കേട്ടതായി ഭാവിക്കാതെ അവള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു:
'എന്ത് തന്നെയായാലും വീടിനകത്തേക്ക് ഞാന്‍ ഇത് കയറ്റില്ല. കുട്ടികളെ കാണിക്കാതെ ഇത് എവിടെയെങ്കിലും ഒന്ന് മാറ്റി വെക്കൂ.'
സുരക്ഷിതമായ ഒരിടം കണ്ടെത്തുന്നതിനു മുമ്പായി കുട്ടികള്‍ ഉമ്മരത്തെക്ക് വന്നു. അവര്‍ എന്റെ കൈകളിലുള്ള ആ വലിയ പൊതി കണ്ടു. മകന്‍ ആകാംക്ഷയോടെ ചോദിച്ചു :
'എന്താണച്ചാ ഇത്?'
മകന്റെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ നിശബ്ദനായി.
'ഇത് റീത്തല്ലേ അച്ഛാ?' , അപ്പോഴേക്കും മകള്‍ പറഞ്ഞു കഴിഞ്ഞിരുന്നു.
ഞാന്‍ നിഷേധിക്കാതെ തലയാട്ടി.
'റീത്തെന്നു വെച്ചാ ന്താ ചേച്ചീ', മകന്റെ രണ്ടാമത്തെ ചോദ്യം.
ഞാന്‍ ഇടം കണ്ണാലെ സുലുവിനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ മനസ്സിലാക്കുന്നുണ്ടെന്നു തോന്നിയതോടെ മുഖം തിരിച്ചു.ഒരു ചോദ്യത്തോടെ മകള്‍ മറുപടി പറഞ്ഞു;
'മരിച്ചാ വെക്കുന്ന സാധനം, അല്ലെ അമ്മേ?'
പരിഹാസത്തോടെ സുലു പറഞ്ഞു :'അച്ഛനോട് തന്നെ ചോദിച്ചു നോക്കൂ.'
പിറുപിറുത്തുകൊണ്ട് അവള്‍ അകത്തേക്ക് പോയി.കുട്ടികളുടെ മുഖത്ത് ഭയപ്പാടുകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. പരിഹാരമെന്നോണം ഞാന്‍ പറഞ്ഞു :
'രാവിലെ ഞാനിത് കൊണ്ട്പോകും.'
'രാത്രി മുഴുവന്‍ ഇത് ഇവിടെ ഉണ്ടാവില്ലേ?'
ഞാന്‍ ഒന്നും പറയാതെ നിന്ന്.റീത്തുകള്‍ക്ക് ഭാരം കൂടുന്നതായി എനിക്ക് തോന്നി.
'വേണ്ടായിരുന്നു', മനസ്സ് നൂറുവട്ടം പറഞ്ഞു. റീത്തുകള്‍ ഉമ്മറത്തെ തിണ്ണയോട് ചേര്‍ത്ത് വെച്ചു. വിയര്‍പ്പേറ്റു നനഞ്ഞു കീറിയ ന്യൂസ്‌പേപ്പറിന്റെ ഇടയിലൂടെ  തിളങ്ങുന്ന നൂലും റോസാപ്പൂവും കാണാമായിരുന്നു. ഞാന്‍ അടുക്കളയിലേക്കു   ചെന്നു. കുട്ടികള്‍ക്ക് ചോറു ഉരുട്ടിക്കൊണ്ടിരിക്കുന്ന അവള്‍ എന്നോടായി പറഞ്ഞു:
'ഒരു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ഈ കൊട്ടാരത്തില്‍ എവിടെയാണ് ആ സാധനം കൊണ്ടുവെക്കുക?'
ഞാന്‍ മറുപടി പറഞ്ഞില്ല.
ഭക്ഷണം കഴിച്ചു എഴുനേല്‍ക്കുമ്പോള്‍ ഒരു തീരുമാനത്തിലെത്തിയത് പോലെ ഞാന്‍ പറഞ്ഞു:
'ഞാന്‍ ഉമ്മറത്തെ തിണ്ണയില്‍ കിടന്നോളാം.'
സുലു മറുപടിയൊന്നും പറഞ്ഞില്ല.
ഉമ്മറത്ത് പൂക്കളുടെ സുഗന്ധം പൂര്‍ണ്ണമായി നിറഞ്ഞിരുന്നു. ഞാന്‍ ഈ റീത്തുകള്‍ക്ക് കാവലിരിക്കുന്ന പോലെ, തണുത്തു മരവിച്ചു മലര്‍ന്നു കിടക്കുന്ന 
രാമേട്ടന് ചുറ്റും ഇഴഞ്ഞു നീങ്ങുന്ന സമയത്തെശപിച്ചുകൊണ്ട് ബന്ധുക്കള്‍ കാവലിരിക്കുന്നുണ്ടാവും. എപ്പോഴാണ് ഉറക്കം എന്റെ കണ്‍പോളകളെ കീഴ്പ്പെടുത്തിയതെന്നു എനിക്കറിയില്ല. സുലുവിന്റെയും കുട്ടികളുടെയും ഉറക്കെയുള്ള നിലവിളി കേട്ടാണ് ഞാന്‍ ഉണരാന്‍ ശ്രമിച്ചത്. എന്റെ ശരീരത്തില്‍ ഭാരമുള്ള റീത്തുകള്‍ വെച്ചിരിക്കുന്നു. എഴുനേല്‍ക്കാനോ ശബ്ദിക്കാനോ കഴിയാതെ ഞാന്‍ നിശ്ചലനായി കിടന്നു. ഈറനണിഞ്ഞ മിഴികളുമായി എനിക്ക് ചുറ്റും ബന്ധുക്കളും സംഘടനാ പ്രവര്‍ത്തകരും. ഒരു കൂറ്റന്‍ റീത്തുമായി അനില്‍ ഭായ് എന്റെ കാല്‍ക്കീഴില്‍ നില്‍ക്കുന്നു. സര്‍വ്വശക്തിയുമുപയോഗിച്ച് അനില്‍ ഭായിയുടെ കയ്യില്‍ നിന്നും റീത്ത് ചവിട്ടിതെറിപ്പിക്കാനുള്ള എന്റെ ശ്രമത്തില്‍ കാലു ചുവരില്‍ ഇടിച്ചു. ആ വേദനയോടു കൂടി ഞാന്‍ ഞെട്ടിയുണര്‍ന്നു. ഒന്നും സംഭവിക്കാതെ സുഗന്ധം പരത്തി റീത്തുകള്‍ ചുവരിനോട് ചാരിക്കിടക്കുന്നു. പറഞ്ഞ സമയത്ത് തന്നെ അനില്‍ ഭായി കാറുമായി വന്നു. പിന്‍ സീറ്റില്‍ റീത്തുമായി ഞാന്‍ ഇരുന്നു. പൂക്കളുടെ സുഗന്ധം കുറയുന്നതായി എനിക്ക് തോന്നി. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഞാന്‍ റീത്ത് സമര്‍പ്പിച്ചു. 
എന്റെ മനസ്സ് മന്ത്രിച്ചത് പൂക്കള്‍ കേട്ടത് കൊണ്ടാകാം, ആ മുറി മുഴുവന്‍ സുഗന്ധം പരന്നു കഴിഞ്ഞിരുന്നു. ചിതയില്‍ പുക മേല്‍പ്പോട്ടു ഉയര്‍ന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ കണ്ടു.
റീത്തുകളില്‍ നിന്നും അടര്‍ന്നു വീണ റോസാപ്പൂവ് കൈക്കലാക്കിയ കുട്ടിയില്‍ നിന്ന് പൂ വാങ്ങി എറിഞ്ഞു ആ അമ്മ പറയുന്നു:
'അത് തലയില്‍ ചൂടന്‍ കൊള്ളില്ല.'
ഇതളറ്റുപോയ ആ പൂവിന്റെ ചിത്രം മായാതെ കിടന്നു.

0 അഭിപ്രായങ്ങള്‍:

Post a Comment

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.........


സ്നേഹപൂര്‍വ്വം,
ഷൌക്കത്ത്..